തൊടുപുഴ: മുട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ കെട്ടിടം നാശത്തിലേക്ക്. കാടും പടലും കയറിയ കെട്ടിടത്തോടൊപ്പം ഇതോടനുബന്ധിച്ചുള്ള വസ്തുവകകളുമാണ് നശിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സ്റ്റാറ്റിയൂട്ടറി സമിതിയുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. എക്സിക്യുട്ടീവ് എന്ജനിയര്ക്കാണ് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. കെട്ടിടം നശിച്ചുതുടങ്ങിയിട്ടും ഇതു വൃത്തിയാക്കാന്‍ പോലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
മുട്ടം ജില്ലാ ജയിലിനു സമീപത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിതി കേന്ദ്രത്തിന് ഓഫീസ് സമുച്ചയം നിര്‍മിച്ചത്. കെ.എം. മാണി റവന്യൂ ഭവനനിര്‍മാണ മന്ത്രിയായിരുന്നപ്പോഴാണ് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ റീജണല്‍ ഓഫീസ് മുട്ടത്ത് വിഭാവനം ചെയ്തത്. നിര്‍മാണം പൂര്‍ത്തീകരിച്ച് 1991 ഡിസംബര്‍ 17ന് ഉദ്ഘാടനവും നടത്തി. എന്നാല്‍, 14 വര്‍ഷത്തിലേറെയായി ബന്ധപ്പെട്ട അധികൃതര്‍ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
ഇതേത്തുടര്‍ന്ന് കെട്ടിടത്തിലേക്കും ഇതിന്റെ പരിസര പ്രദേശങ്ങളിലേക്കും കാടും വള്ളിപ്പടര്‍പ്പുകളും വലിയ വൃക്ഷങ്ങളും വളര്‍ന്ന് വനമായ നിലയിലാണ്. ഇതിനു സമീപത്തുള്ള ജില്ലാ ജയിലിന്റെ റോഡില്‍നിന്ന് നോക്കിയാല്‍ കെട്ടിടം കാണാന്‍ പോലും കഴിയാത്ത തരത്തില്‍ കാട് വളര്‍ന്നിരിക്കുകയാണ്.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍, പൊതു മേഖലസ്ഥാപനങ്ങള്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവയ്ക്കു വേണ്ടി ഏറ്റവും ചെലവു കുറഞ്ഞ സാങ്കേതിക രീതിയില്‍ പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കല്‍, നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കല്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് ജില്ലാ നിര്‍മിതി കേന്ദ്രത്തിന് ഓഫീസ് സൗകര്യം സജ്ജമാക്കിയത്.
ജില്ലയിലെ വിവിധ റവന്യു ടവറുകള്‍, വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തികള്‍, നിലവിലുള്ളവയുടെ നവീകരണം, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിവിധ നിര്‍മാണപ്രവര്‍ത്തികള്‍ കൂടാതെ ഏതാനും ചില സ്വകാര്യ മേഖലയിലെ പ്രവര്‍ത്തികള്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ ഈ ഓഫീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏതാനും വര്‍ഷങ്ങള്‍ കാര്യക്ഷമമായി നിലനിന്നിരുന്നു. എന്നാല്‍, സ്ഥാപനത്തില്‍ പരവര്ത്തിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് കാലക്രമേണ ഇവിടേക്കു പുതിയ പദ്ധതികള്‍ എത്താത്ത അവസ്ഥയായി.
പിന്നീട് ഇതിന്റെ പ്രവര്‍ത്തനം പൈനാവിലേക്കു മാറ്റി. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ ഉദ്യോഗസ്ഥര്‍ എത്തണമെന്നുള്ള തീരുമാനവും അട്ടിമറിച്ചു. ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കാതെ കാലക്രമേണ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ഇവിടെ നിര്‍മിതിയുടെ സ്റ്റേറ്റ് ലെവല്‍ മോഡല്‍ ട്രെയിനിംഗ് സെന്റര്‍, പൈനാവിലുള്ള ജില്ലാ ഓഫീസിന്റെ ഉപകേന്ദ്രം തുടങ്ങിയവ സജ്ജമാക്കുമെന്ന് മുന്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ അറിയിച്ചെങ്കിലും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
ഇടക്കാലത്ത് സാമൂഹ്യവിരുദ്ധരുടെ താവളംകൂടിയായിരുന്നു ഇവിടം. ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ ഓരോ വര്‍ഷവും ലക്ഷങ്ങള്‍ വാടകനല്കി സ്വകാര്യവ്യക്തികളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ നാശോന്മുഖമാകുന്നത്.